തിരുവനന്തപുരം: കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരൊക്കെയോ അനധികൃതമായി പണപ്പിരിവ് നടത്തുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോയെന്നും വാർത്താസമ്മേളനത്തിനിടെ വി സി സതീശൻ ചോദിച്ചു.
‘പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് മനസിലാക്കിക്കൊടുക്കുന്ന പരിപാടിയായി ലോകകേരള സഭ മാറിയിരിക്കുന്നു. ഒരു ലക്ഷം ഡോളര്‍ കൊടുക്കാന്‍ ശേഷിയുള്ളവന് മാത്രം എന്റെ ഒപ്പമിരുന്നാല്‍ മതി. പണിമില്ലാത്തവന് ഗേറ്റിന് പുറത്ത് നിന്നാല്‍ മതിയെന്ന സന്ദേശമാണ് നല്‍കുന്നത്.എത്ര അപമാനകരമാണിത്. ആരാണ് അനധികൃത പിരിവിന് അനുമതി നല്‍കിയത്? ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രവാസികാര്യ വകുപ്പും നോര്‍ക്കയുമില്ലേ? കേരളത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ഒരു ലക്ഷം ഡോളര്‍ നല്കി ഒപ്പം ഇരിക്കാന്‍ വരുന്നവരുടെ പരിപാടിയ്ക്ക് മുഖ്യമന്ത്രി പോകരുതെന്നാണ് പ്രതിപക്ഷം അഭ്യര്‍ത്ഥിക്കുന്നത്.
പണമുള്ളവനെ മാത്രം വിളിച്ച് അടുത്തിരുത്തുന്ന പരിപാടി കേരളത്തിനും കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ല. എന്നുമുതലാണ് പണമില്ലാത്തവന് പുറത്ത് നില്‍ക്കണമെന്നത് കേരളത്തിന്റെ രീതിയായത്? ഇത് വച്ചുപൊറുപ്പിക്കാനാകില്ല.ട്രെയിനില്‍ തീയിടുന്ന സംഭവം തുടര്‍ച്ചായി സംസ്ഥാനത്തുണ്ടാകുന്നത് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വമുണ്ടാക്കുന്നതാണ്. സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണം. ആദ്യ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായി. അന്ന് ട്രെയിനില്‍ തീയിട്ടയാള്‍ അതേ ട്രെയിനില്‍ തന്നെ രക്ഷപ്പെട്ടു. പരുക്കേറ്റ പ്രതി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ട്രെയിനില്‍ കയറിപ്പോയിട്ടും പൊലീസ് അറിഞ്ഞില്ല. കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയ പ്രതിയെ കേരളത്തിലേക്ക് എത്തിക്കുന്നതിലും പൊലീസിന് വീഴ്ച പറ്റി. കേരള പൊലീസ് ലാഘവത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംഭവത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണം.
മെഡിക്കല്‍ സര്‍വീസസ് കേര്‍പറേഷനിലുണ്ടായ തീപിടിത്തത്തില്‍ രേഖകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്? സംഭവത്തില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. മന്ത്രിമാരെല്ലാം എന്ന് മുതലാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയത്? തീപിടിത്തമുണ്ടായ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടക്കണം.അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പേ തീപിടിത്തം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞാല്‍ മനപൂര്‍വം ഉണ്ടാക്കിയ തീപിടിത്തമാണെന്ന് കരുതേണ്ടിവരും. സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. മൂന്ന് സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡറില്‍ നിന്ന് തീപിടിത്തമുണ്ടായെന്നാണ് ആദ്യം പറഞ്ഞത്. പക്ഷെ പരിശോധനാ ഫലം അങ്ങനെയല്ല. ആരോഗ്യവകുപ്പില്‍ നടക്കുന്ന ക്രമക്കേടുകളെ മൂടി വയ്ക്കാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ തീവെട്ടികൊള്ളയാണ് നടക്കുന്നത്. കൊള്ളക്കാരെ രക്ഷിക്കാന്‍ മന്ത്രി ഇറങ്ങിയാല്‍ മന്ത്രിയും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് പറയേണ്ടി വരും.ഏതെല്ലാം തരത്തില്‍ ജനങ്ങളെ ദ്രോഹിക്കാമെന്നതില്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. വെള്ളക്കരവും വൈദ്യുതി ചാര്‍ജും കൂട്ടിയതിന് പിന്നാലെയാണ് ഇപ്പോള്‍ വൈദ്യുത സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. കിടപ്പാടവും കൃഷിയിടങ്ങളും ജപ്തി ചെയ്യപ്പെടുന്ന കെട്ടകാലത്ത് നികുതി ഭാരം അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കെ എസ് ഇ ബി ലാഭത്തിലാണെന്ന് പറയുമ്പോള്‍ തന്നെ സര്‍ചാര്‍ജ് കൂട്ടുന്നത് എവിടുത്തെ ന്യായമാണ്?’- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.