കൊച്ചി: പി.സി ജോര്‍ജിന് മുങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അറസ്റ്റ് നാടകം നടത്തി സ്വന്തം കാറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പുഷ്പഹാരങ്ങള്‍ ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തെ കോടതിയില്‍ എത്തിച്ചത്. കോടതിയില്‍ എത്തിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ല. എഫ്.ഐ.ആറില്‍ ഒന്നും ഇല്ലെന്നു കണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. കോടതിക്ക് പുറത്തും തൃക്കാക്കരയിലും ജോര്‍ജ് വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ചു. എന്നിട്ടും നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ ഒരാളെ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ പൊലീസ്?
പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങള്‍ നോക്കാന്‍ വിട്ട ഇന്റലിജന്‍സുകാരെയും പൊലീസുകാരെയും ജോര്‍ജിന് പിന്നാലെ വിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യാമായിരുന്നു. തൃക്കാരയില്‍ പ്രസംഗം നടത്താന്‍ ജോര്‍ജിനെ ക്ഷണിച്ച് കൊണ്ടുവന്നത് ആരാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. ജോര്‍ജിനെ ക്ഷണിച്ച് കൊണ്ടുവന്നയാള്‍ക്ക് അടുത്തിടെ കോണ്‍ഗ്രസ് വിട്ട ഡി.സി.സി ഭാരവാഹിയുമായി ബന്ധമുണ്ട്. ഇയാള്‍ക്ക് ഇ.പി ജയരാജനുമായി എന്ത് ബന്ധമാണുള്ളതെന്നും മാധ്യമങ്ങള്‍ അന്വേഷിക്കണം. എല്‍.ഡി.എഫില്‍ നടക്കുന്ന നാടകങ്ങളെ കുറിച്ചു കൂടി മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിക്കുക മാത്രമല്ല 52 വെട്ട് വെട്ടി കൊലപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ പാര്‍ട്ടി വിട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതുവഴി നടന്നു പോകാം. മുഖ്യമന്ത്രി ഷാള്‍ ഇട്ട് സ്വീകരിച്ചയാളെ എന്തുകൊണ്ടാണ് പ്രചരണത്തിന് ഇറക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ആരും പാര്‍ട്ടി വിടില്ല. ഇപ്പോള്‍ പോയവരൊക്കെ ഒറ്റയ്ക്കാണ് പോയത്. തലകറങ്ങി വീണാല്‍ സോഡ വാങ്ങിക്കൊടുക്കാന്‍ പോലും ആരും ഒപ്പം പോയില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ യു.ഡി.എഫ് അതിജീവിതയ്ക്കൊപ്പമാണ്. സ്ത്രീപക്ഷ നിലപാട് മാത്രമെ യു.ഡി.എഫ് സ്വീകരിക്കൂ. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തിയായി എതിര്‍ക്കും. ഏതെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാരോ പൊലീസോ വഴങ്ങിയാല്‍ പ്രതിപക്ഷം ഇടപെടും. ആരെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒന്നായി അന്വേഷണം മാറാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
