തിരുവനന്തപുരം: ഉത്ര കൊലപാതക കേസിലെ വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. തെറ്റിന് ആനുപാതികമായ ശിക്ഷ ഉണ്ടായില്ല എന്നത് ഖേദകരം. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
കേരളീയ സമൂഹവും ഉത്രയുടെ മാതാപിതാക്കളും ആഗ്രഹിക്കുന്ന വിധം ലഭിക്കാൻ ആവശ്യമായ നിയമ സഹായം സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരെല്ലാം നിരാശരാണെന്നും ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കുന്ന വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കേരളം ഏറെ ചർച്ച ചെയ്ത വിഷമാണിത്. പെൺമക്കളുള്ള ഓരോ മാതാപിതാക്കളും ഉത്രാവധക്കേസിലെ വിധിയെ ഉറ്റുനോക്കിയതാണ്. നിയമത്തിലെ പഴുതുകളിലൂടെ പ്രതികൾക്ക് ശിക്ഷകളിൽ ഇളവുലഭിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരും നിരാശരാണ്.
ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ആ വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണം. നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതി നികുതിപ്പണത്തിന്റെ ആനുകൂല്യം പറ്റി ജയിലിലാണെങ്കിലും ജീവിക്കുന്നൂ എന്നത് നമ്മുടെ സാമൂഹ്യവ്യവസ്ഥ നേരിടുന്ന വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.