
ലോകത്തെ മാറിയ ആണവ യാഥാര്‍ത്ഥ്യം ഉൾക്കൊണ്ട് യുഎസ് ഉത്തര കൊറിയയെയും ആണവായുധ രാജ്യമായി യുഎസ് അംഗീകരിക്കണമെന്ന് ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞതായി സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാലങ്ങളില്‍ നടത്തിയ രാജ്യങ്ങളുടെ ഉച്ചകോടി യോഗങ്ങൾക്ക് ശേഷം ലോകത്തെ ആണവ യാഥാര്‍ത്ഥ്യം മാറിയെന്നും അത് യുഎസ് അംഗീകരിക്കണമെന്നും അവകാശപ്പെട്ട കിം യോ ജോങ്, ഭാവിയിലെ ചര്‍ച്ചകൾ കൊണ്ട് ഉത്തരകൊറിയ ആണവായുധ പദ്ധതി ഉപേക്ഷിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയൻ തലവന്‍ കിം ജോങ് ഉന്നിന്റെ സഹോദരിയും രാജ്യത്തെ ശക്തരായ നേതാക്കളില്‍ പ്രധാനിയുമാണ് കിം യോ ജോങ്. പലപ്പോഴും കിം ജോങ് ഉന്നിന് വേണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നതും കിം യോ ജോങാണ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വ്യക്തിബന്ധം ‘അത്ര മോശമല്ല’ എന്നും ഇവര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഈ വ്യക്തി ബന്ധം ഉപയോഗിച്ച് ഉത്തര കൊറിയയും ആണവായുധ പരിപാടി അവസാനിപ്പിക്കാന്‍ യുഎസ് ശ്രമിച്ചാല്‍ അത് പരിഹാസത്തിന് ഇടയാക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മാറിയ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നിൽ യുഎസ് പരാജയപ്പെട്ടുകയും പഴയ ബോധ്യത്തില്‍ തന്നെ തുടരുകയും ചെയ്താല്‍ അത് യുഎസ് ഉത്തര കൊറിയ കൂടിക്കാഴ്ചയെന്നത് യുഎസിന്റെ വെറും പ്രതീക്ഷ മാത്രമായി തുടരുമെന്നും കിം യോ ജോങ് പറഞ്ഞു. തങ്ങളുടെ ആണവായുധ ശേഷിയെ അംഗീകരിക്കാതെ യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന മുന്നറിയിപ്പാണ് കിം യോ ജോങ് നല്‍കിയിരിക്കുന്നത്. ഒരു ആണവ രാഷ്ട്രമെന്ന നിലയില്‍ ഉത്തര കൊറിയയുടെ നിലപാട് നിഷേധിക്കാനുള്ള ഏതൊരു ശ്രമത്തെയും നിരസിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ആദ്യ ഭരണ കാലത്ത് കിമ്മും ട്രംപും തമ്മില്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കൂടാതെ രണ്ട് തവണയും ഇവര്‍ തമ്മില്‍ കൂടിക്കാഴ്ചകൾ നടന്നിരുന്നു. കിം യോ ജോങിന്റെ പുതിയ പ്രസ്തവനയോട് പ്രതികരിക്കവെ ട്രംപ് – കിം കൂട്ടിക്കാഴ്ചയുടെ ഉദ്ദേശ ലക്ഷ്യത്തിൽ ട്രംപ് ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്നായിരുന്നു വൈറ്റ് ഹൗസ് പ്രതികരിച്ചത്. ഒപ്പം ആണവരഹിത ഉത്തര കൊറിയയെ സൃഷ്ടിക്കുന്നതില്‍ ട്രംപ് ശ്രദ്ധാലുവാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 2018 -ല്‍ സിംഗപ്പൂരില്‍ വച്ച് നടന്ന ആദ്യ കൂട്ടിക്കാഴ്ചയില്‍ കൊറിയയെ ആണവായുധ വിമുക്തമാക്കുന്നതിനുള്ള ഒരു കാരാറില്‍ ട്രംപും കിമ്മും ഒപ്പുവച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന ഉത്തര കൊറിയന്‍ ഉപരോധം നീക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ഉച്ചകോടി പരാജയപ്പെടുകയായിരുന്നു. കിമ്മുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്ന് നേരത്തെ ട്രംപും അവകാശപ്പെട്ടിരുന്നു.
