
കാരക്കാസ്: വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. വെനസ്വേലയിലെ നാല് വിമാനത്താവളങ്ങൾ അമേരിക്ക ആക്രമിച്ചതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കൻ മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ആക്രമണ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന് തങ്ങളുടെ റിപ്പോർട്ടർമാർ സാക്ഷിയായെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
പുലർച്ചെ 1.50ഓടെയാണ് ആദ്യത്തെ പൊട്ടിത്തെറി ശബ്ദം കേട്ടത്. തങ്ങൾ താമസിച്ചിരുന്ന മുറിയുടെ ജനലുകൾ അടക്കം പൊട്ടിത്തെറിക്ക് പിന്നാലെ നടുങ്ങിയെന്നാണ് സിഎൻഎൻ റിപ്പോർട്ടർ ഓസ്മാരി ഹെർണാണ്ടസ് റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ പല മേഖലകളിലും വൈദ്യുതി ബന്ധം നഷ്ടമായെന്നും പൊട്ടിത്തെറിക്ക് പിന്നാലെ വിമാനങ്ങളുടെ ശബ്ദം കേട്ടുവെന്നുമാണ് സിഎൻഎൻ മാധ്യമപ്രവർത്തകർ വിശദമാക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള അഗ്നിയുടെ പ്രഭ ദൃശ്യമാകുന്ന പല വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.


