ലക്നൗ: ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളില്‍ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തില്‍ വളരെ അകലെയാണ്.
ഇതുവരെയുള്ള ഫല സൂചനകളില്‍ വ്യക്തമാകുന്ന മറ്റൊരു കാര്യം കോണ്‍ഗ്രസും മായാവതിയുടെ ബി.എസ്.പിയും സംസ്ഥാനത്ത് കൂടുതല്‍ അപ്രസക്തമാകുന്നുവെന്നാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ പോലും നേടാനാകാത്ത വിധം വിയര്‍ക്കുകയാണ് ബി.എസ്.പിയും കോണ്‍ഗ്രസും.
280 ഒാളം സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നുണ്ട്. 105 സീറ്റുകളിലാണ് എസ്.പി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് നാല് സീറ്റുകളിലും ബി.എസ്പി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ അഞ്ചു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
2017 ല്‍ 312 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ അത്രയും മികച്ച പ്രകടനം നടത്താനായിട്ടുണ്ടോയെന്ന് വ്യക്തമാകാന്‍ ഫലം പൂര്‍ണമായും പുറത്തുവരുന്നത് വരെ കാത്തിരിക്കണം. കഴിഞ്ഞ തവണ 47 സീറ്റുണ്ടായിരുന്ന എസ്.പി ഇതിന്റെ ഇരട്ടിയിലധികം സീറ്റുകളില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന ബി.എസ്.പിക്ക് 3 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഏഴ് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസാകട്ടെ 4 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. നേരത്തെ യു.പി ഭരിച്ച ബി.എസ്.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച സംഭവിച്ചതിന്റെ സൂചനയാണ് പുറത്തു വരുന്നത്.
മത്സരാന്ത്യത്തില്‍ യോഗി ആദിത്യനാഥും അഖിലേഷ് യാദവും മാത്രം അവശേഷിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോഴുള്ളത്.