റിയാദ്: കൊവിഡ് പ്രോട്ടോകോള്‍ ആവര്‍ത്തിച്ചു ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പിമായി സൗദി. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ(19 ലക്ഷം ഇന്ത്യന്‍ രൂപ) ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
സാമൂഹിക അകലം പാലിക്കാതിരിക്കല്‍, സ്വകാര്യ, സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോള്‍ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ വിസമ്മതിക്കല്‍ എന്നിവ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ ആയിരം റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഓഗസ്റ്റ് 1 മുതൽ, സൗദി അറേബ്യ സർക്കാർ, സ്വകാര്യ ഓഫീസുകൾ, മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക, വിനോദം, കായിക പരിപാടികൾ, പ്രതിരോധ കുത്തിവയ്പ്പെടുത്ത ആളുകൾക്കുള്ള പൊതു ഗതാഗതം എന്നിവയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
