മലപ്പുറം : ദേശാടനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ മുത്തച്ഛനായി മാറിയ ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് കോവിഡിനെ തോല്‍പ്പിച്ച് ആരോഗ്യം വീണ്ടെടുത്തത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം, അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങും.
ന്യുമോണിയയും പനിയും ശ്വാസതടസ്സവും അടക്കമുള്ള ഗുരുതരാവസ്ഥയിലാണ് കോവിഡ് കൂടി ഇദ്ദേഹത്തെ ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ ആശുപത്രിയില്‍ വിളിച്ച് ഇദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് അന്വേഷിച്ചിരുന്നു. കോവിഡ് ഭേദമായതിനാല്‍ അച്ഛന് ആഹ്ളാദവാനാണെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നും മകന് ഭവദാസന്‍ പറഞ്ഞു.
ജീവിതത്തില്‍ പാലിച്ചു വന്ന ചിട്ടകളാണ് കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ഇദ്ദേഹത്തിന് കരുത്തു നല്‍കിയത്. ഈ പ്രായത്തിലും പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളൊന്നും തന്നെ ഇദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ചെറുപ്പകാലം മുതല്‍ വ്യായാമം ചിട്ടയായി തുടരുന്നയാള്കൂടിയാണിദ്ദേഹം. ഉണ്ണികൃഷ്ണന് നമ്പൂതിരി, മലയാളം, തമിഴ് ഭാഷകളിലായി 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവു കൂടിയാണ്.