ന്യൂഡൽഹി: INDUS (Innovation Development Upskilling) IoT Kit പുറത്തിറക്കാൻ (സിംഗിൾ ബോർഡ് IoT വികസന പ്ലാറ്റ്ഫോം) കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ബാംഗ്ലൂരിലെ CDAC സെന്റർ സന്ദർശിച്ചു. CDAC വികസിപ്പിച്ച, ഒരു ക്രെഡിറ്റ് കാർഡിന്റെ വലുപ്പത്തിലുള്ള കിറ്റിൽ 6 സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്റ്റിവിറ്റി, ഡീബഗ്ഗർ ഇന്റർഫേസുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. ഒതുക്കമുള്ളതും എളുപ്പത്തിൽ കൊണ്ടുപോകാവുന്നതുമായ IoT കിറ്റ്, ഡ്രോണുകൾ ഉൾപ്പെടെയുള്ള പ്രാദേശിക, സാങ്കേതിക പരിഹാര ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സഹായിക്കും.
ഒരെണ്ണത്തിന് 2500 രൂപയാണ് ഇതിന്റെ വില. ഇത് ഉടൻ തന്നെ GeM പോർട്ടലിൽ ലഭ്യമാകും. വാണിജ്യ ഉത്പാദനത്തിനായി നവസംരംഭകർക്ക് സാങ്കേതികവിദ്യ കൈമാറാനും CDAC തയ്യാറാണ്.
CDAC ബാംഗ്ലൂരിൽ വികസിപ്പിച്ച മറ്റ് നൂതന സാങ്കേതികവിദ്യകളും ശ്രീ ചന്ദ്രശേഖർ പരിശോധിച്ചു. തുടർന്ന് ക്വാണ്ടം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി. മുൻനിര ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര സഹമന്ത്രി സംവദിച്ചു.
ഇലക്ട്രോണിക്സ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയെ ലോക നേതൃത്വത്തിലെത്തിക്കാനുള്ള ഗൗരവതരമായ ശ്രമങ്ങളാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ചന്ദ്രശേഖർ വ്യക്തമാക്കി. ഈ ശ്രമങ്ങളിൽ മന്ത്രാലയം സഹായിയായും പങ്കാളിയായും പ്രവർത്തിക്കുകയും, വിപണി-മൂലധന പ്രവേശനം ഉൾപ്പെടെ, വളർച്ചയും നവസംരംഭകത്വവും ഉത്തേജിപ്പിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യും.
ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ രൂപകൽപന/നിർമ്മാണം എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ശ്രീ ചന്ദ്രശേഖർ സജീവമായ കൂടിയാലോചനകൾ നടത്തിവരികയാണ്. നയപരമായ ചട്ടക്കൂടിൽ ഉൾപ്പെടുത്താവുന്ന അനുയോജ്യമായ നിർദ്ദേശങ്ങൾ ഒത്തുകൂടിയവരിൽ നിന്ന് അദ്ദേഹം ക്ഷണിച്ചു.