ന്യൂഡൽഹി: ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസെർച്ചിന്റെ (CSIR) 80-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തു. സ്വയം പുനരുജ്ജീവിപ്പിക്കാനും ഏറ്റവും മികച്ച ശാസ്ത്ര മാതൃകകൾ പിന്തുടർന്ന് കൊണ്ട് ഭാവിയിലേക്ക് സജ്ജമാകാനും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിന് ആവശ്യമായ കണ്ടെത്തലുകൾ നടത്താൻ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സിഎസ്ഐആറിനോടും എല്ലാ ശാസ്ത്ര വകുപ്പുകളോടും ആവശ്യപ്പെട്ടു. ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ആദ്യമായി ഉപയോഗിച്ച മായ്ക്കാനാവാത്ത മഷി വികസിപ്പിച്ചതിൽ നിന്നും ഇന്ന് ആറ്റോമിക് ക്ലോക്കുകൾ ഉപയോഗിച്ച് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർണയിക്കുന്നത് വരെയുള്ള സിഎസ്ഐആറിന്റെ പരിണാമം ഹൃദയസ്പർശിയാണെന്ന് സ്ഥാപനത്തിന്റെ 80 വർഷത്തെ വിജയകരമായ യാത്രയെ അഭിനന്ദിച്ചുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്വരാജ് ട്രാക്ടറിന്റെ വികസനം മുതൽ സമീപകാലത്തെ ഹൻസ-എൻജിയുടെ പരീക്ഷണ പറക്കൽ വരെയുള്ള നേട്ടങ്ങൾ കഴിഞ്ഞ എട്ടു ദശകങ്ങളിലെ സിഎസ്ഐആറിന്റെ വളർച്ചയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി ദേശീയ ലബോറട്ടറികളുടെയും ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും സംഭാവനകളെ അടിസ്ഥാനമാക്കിയുള്ളതാണ് സിഎസ്ഐആറിന്റെ പൈതൃകമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രശസ്തമായ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയ എല്ലാ ശാസ്ത്രജ്ഞരെയും ഗവേഷകരെയും വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. സിഎസ്ഐആർ ഇന്നൊവേഷൻ അവാർഡ് ജേതാക്കളായ സ്കൂൾ വിദ്യാർത്ഥികളിൽ നവീന ആശയങ്ങളുടെ ശക്തി കണ്ടതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.