നാഗ്പുർ: കർഷകരുടെ അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് കേന്ദ്രസർക്കാർ പിൻവലിച്ച മൂന്നു കാർഷിക നിയമങ്ങളും ഭാവിയിൽ നടപ്പാക്കിയേക്കുമെന്ന സൂചന.
മഹാരാഷ്ട്രയിലെ ഒരു ചടങ്ങിലാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങൾ റദ്ദാക്കിയതിനു പിന്നിൽ ചില ആളുകളുടെ പ്രവർത്തനമുണ്ടെന്നും തോമർ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് 70 വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ലവമായിരുന്നു. ചിലർക്ക് നിയമങ്ങൾ ഇഷ്ടമായില്ല. എന്നാൽ സർക്കാരിന് നിരാശയില്ല. ഒരു ചുവട് പിന്നോട്ടു വച്ചെന്നു മാത്രം. കർഷകർ രാജ്യത്തിന്റെ നട്ടെല്ലായതിനാൽ വീണ്ടും മുന്നോട്ടു ചുവടുവയ്ക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനു രണ്ടു ദിവസം മുമ്പ് സർക്കാർ പുറത്തിറക്കി, എംപിമാർക്ക് നല്കിയ കുറിപ്പിലും നിയമങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് തോമർ സ്വീകരിച്ചിരുന്നത്.
