ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും താങ്ങാൻ കഴിയുന്ന ചൂടിന് പരിധിയുണ്ട്. താപനില ഉയരുന്നതിനനുസരിച്ച് ജീവികൾ വംശനാശഭീഷണി നേരിടുന്നു. പ്രത്യേകിച്ചും ആഗോളതാപനം ഉയരുമ്പോൾ സമുദ്രനിരപ്പ് ഉയരും. ഇത് താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലാക്കും. കടുത്ത ചൂടിനെ നേരിടാൻ കഴിയാതെ പല ജീവിവർഗങ്ങളും ഇതിനകം തന്നെ തങ്ങളുടെ വംശം നിലനിർത്താനുള്ള ഓട്ടത്തിലാണ്. പുതിയ പഠനമനുസരിച്ച്, ഉയർന്ന താപനില ആമകളുടെ പുനരുത്പ്പാദനത്തിന് ഭീഷണിയാവുകയും ആമകളുടെ വംശനാശത്തിന് കാരണമാവുകയും ചെയ്യും.
തീരപ്രദേശങ്ങളിലെ മണലിലാണ് ആമകൾ മുട്ടയിടുന്നത്. താപനില വർദ്ധിച്ചതോടെ മുട്ടകളിൽ കൂടുതൽ ചൂട് പതിക്കാൻ തുടങ്ങി. ഇതോടെ മുട്ടകൾ വിരിഞ്ഞ് കൂടുതൽ പെൺ ആമകൾ പുറത്തു വരുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ആൺ ആമകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് വംശ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം പറയുന്നു.
റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഉയർന്ന താപനില ആമകളുടെ വംശനാശത്തിന് കാരണമാകുമെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക വംശനാശം സംഭവിക്കാനുള്ള ആശങ്കാജനകമായ സാധ്യതയിലേക്കാണ് കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ ജാക്ക് ഒലിവിയർ ലാലോ പറഞ്ഞു.