ബെംഗളൂരു: ഇരുപത് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമേഷ് റെഡ്ഡിയുടെ വധശിക്ഷ ശരിവെച്ച് കർണാടക ഹൈക്കോടതി. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് റെഡ്ഡി ഹൈക്കോടതിയിലും രാഷ്ട്രപതിക്കും അപ്പീൽ നൽകിയിരുന്നു. എന്നാൽ രാഷ്ട്രപതി, രാമനാഥ് കോവിന്ദ് നേരത്തെ തന്നെ ദയാഹർജി തള്ളിയിരുന്നു. ഇപ്പോൾ, കർണാടക ഹൈക്കോടതിയും സെഷൻസ് കോടതിയുടെ വിധി ശരിവക്കുകയായിരുന്നു.
ഉമേഷ് റെഡ്ഡി രാജ്യത്തുടനീളം 20 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അതിൽ ഭൂരിഭാഗവും കർണാടകയിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, കശ്മീർ എന്നിവിടങ്ങളിലും ഉമേഷ് റെഡ്ഡി സ്ത്രീകളെ പീഡിപ്പിച്ചു കൊന്നു. 1997 ൽ ഒരു ബലാത്സംഗ കൊലപാതകക്കേസിലാണ് ഉമേഷ് റെഡ്ഡി ആദ്യമായി അറസ്റ്റിലാകുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ ബല്ലാരി ഹിന്ദലാഗ ജയിലിൽ നിന്ന് അയാൾ രക്ഷപ്പെട്ടു. 1998 -ൽ ചിത്രദുർഗയിൽ മറ്റൊരു വിധവയുടെ ബലാത്സംഗവും കൊലപാതകവും നടക്കുന്നതുവരെ അയാൾ ഒളിവിലായിരുന്നു. ഈ സംഭവത്തിൽ പോലീസ് ഉമേഷിനെ അറസ്റ്റ് ചെയ്തു, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കോടതിയിൽ കൊണ്ടുപോകുമ്പോൾ അയാൾ വീണ്ടും പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.
കുറ്റകൃത്യങ്ങളിൽ വിദഗ്ധനായിരുന്ന ഉമേഷ് റെഡ്ഡി ജയിൽ ചാട്ടത്തിലും വിദഗ്ദ്ധനായിരുന്നു. മൊത്തത്തിൽ, ഇയാൾ മൂന്ന് തവണ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. ബല്ലാരി ഹിന്ദലാഗ ജയിൽ കർണാടക സംസ്ഥാനത്തിലെ ഏറ്റവും വലുതും രാജ്യത്തെ ഏറ്റവും സുരക്ഷിതവുമായ ജയിലുകളിൽ ഒന്നാണ്. മിക്കവാറും എല്ലാ കുപ്രസിദ്ധ കുറ്റവാളികളെയും പാർപ്പിക്കാറുള്ളത് ഹിന്ദലാഗ ജയിലിലാണ്. ഉമേഷ് റെഡ്ഡി ഒഴികെ മറ്റൊരു തടവുകാരും ഉയർന്ന സുരക്ഷയുള്ള ഹിന്ദലാഗ ജയിലിൽ നിന്ന് രക്ഷപ്പെട്ട ചരിത്രമില്ല.
1998 -ൽ പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട ശേഷം 2002 -ൽ ബെംഗളൂരുവിലെത്തി. പോലീസ് അതിനിടെ ഇയാൾക്കായി ലുക്കൌട്ട് നോട്ടീസും റെഡ് അലർട്ടും പുറപ്പെടുവിച്ചു. ബെംഗളൂരുവിലെ യശ്വന്ത്പുരയിലെ ഒരു സലൂണിലാണ് റെഡ്ഡിയെ കണ്ടത്. സലൂണിന്റെ ഉടമ ഇയാളെ ഉമേഷ് റെഡ്ഡിയാണെന്ന് സംശയിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട്, പീനിയ പോലീസ് സലൂണിലെത്തി ഇയാളെ പിടികൂടി.