കീവ്: കീഴടങ്ങിയ റഷ്യന്‍ സൈനികന് ചായയും മധുര പലഹാരങ്ങളും നല്കി യുക്രൈനികള്‍ സല്‍ക്കരിക്കുന്നതിന്റെ വിഡിയോ വൈറല്‍. യുക്രൈന് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. അതേസമയം ഈ വിഡിയോയുടെ ആധികാരികത വ്യക്തമല്ല.
കീഴടങ്ങിയ റഷ്യന്‍ സൈനികന് നാട്ടുകാര്‍ ചായയും പലഹാരങ്ങളും നല്‍കുന്നതാണ് വിഡിയോയില്‍ ഉള്ളത്. സൈനികനു ചുറ്റിലുമായി യുക്രൈനികള്‍ കൂടിനില്ക്കുന്നുണ്ട്. മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു സംസാരിക്കാനും നാട്ടുകാര്‍ സൗകര്യം ചെയ്തുകൊടുത്തു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൈനികന് അമ്മയോടു സംസാരിച്ചത്.
റഷ്യന്‍ ആക്രമണത്തിന് എതിരായ യുക്രൈനി പ്രചാരണ പരിപാടിയുടെ ഭാഗമാണോ വിഡിയോ എന്നു വ്യക്തമല്ല. ഇരുപക്ഷവും പരസ്പരം ദുര്‍ബലപ്പെടുത്തുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
