മുംബൈ: സുപ്രീംകോടതി കൈവിട്ടതോടെ ഇന്നലെ രാത്രിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിസമർപ്പിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഉദ്ധവ് ഏക്നാഥ് ഷിൻഡെയുടെ പേര് പരാമർശിക്കാതെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ‘ഓട്ടോറിക്ഷയും കൈവണ്ടിയും ഓടിച്ചുനടന്നവനെയൊക്കെ ഞങ്ങൾ എംഎൽഎയും എംപിയുമാക്കി. ഞാൻ എല്ലാം നൽകിയവനൊക്കെ തിരിച്ചു തന്നതിങ്ങനെയാണ്’- ഉദ്ധവ് താക്കറെ ആഞ്ഞടിച്ചു.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ഓട്ടോറിക്ഷ, ടെംപോ ഡ്രൈവറായിരുന്നു ഏക്നാഥ് ഷിൻഡെ. വളരെ താഴത്തട്ടിൽ നിന്നാണ് ഏക്നാഥ് ഷിൻഡെ ഉയർന്നുവന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് ഉദ്ധവിന്റെ ആക്രമണം. ”ഞാൻ എന്നന്നേക്കുമായി എങ്ങോട്ടും പോകുന്നില്ല. ഞാൻ ഇവിടെ തന്നെ ഉണ്ടാകും. വീണ്ടും ശിവസേന ഭവനിൽ ഇരിക്കുകയും ചെയ്യും. എന്റെ എല്ലാ പ്രവർത്തകരെയും ഞാൻ വിളിച്ചുകൂട്ടും”-ആവേശ ഭരിതമായ പ്രസംഗത്തിൽ ഉദ്ധവ് പറഞ്ഞു.”മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതിൽ എനിക്ക് ഖേദമില്ല, ഞാൻ പുതിയൊരു ശിവസേനയെ സൃഷ്ടിക്കും”- അദ്ദേഹം പറഞ്ഞു. ”എന്നെ പിന്തുണച്ച എൻസിപിയുടെയും കോൺഗ്രസിന്റെയും ആളുകൾക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” – ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.