
പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉൾപ്പെടുന്ന മണ്ഡലമാണ് നെന്മാറ. 2008-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് ഈ മണ്ഡലം ഇന്നത്തെ രൂപത്തിലായത്. പഴയ കൊല്ലങ്കോട് മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഈ മണ്ഡലം രൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനൊപ്പം മാത്രം നിന്ന ചരിത്രമാണുള്ളത്. മണ്ഡലത്തിൽ ഇത്തവണ മാറ്റമുണ്ടാക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിൽ സ്വാധീനം വര്ധിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുമായി ബിജെപിയും മുന്നോട്ടുപോകുകയാണ്.
2001 നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലം (കൊല്ലങ്കോട് മണ്ഡലം) യുഡിഎഫ് തരംഗത്തിനിടയിലും ഇടതുപക്ഷം നിലനിർത്തിയിരുന്നു. കെ എ ചന്ദ്രനെ പരാജയപ്പെടുത്തി വി ചെന്താമരാക്ഷൻ നിയമസഭയിലെത്തി. 4,900ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ചെന്താമരാക്ഷൻ 50,000ത്തിലധികം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിന്റെ കെ എ ചന്ദ്രൻ 45,000ത്തിലധികം വോട്ടുകൾ പിടിച്ച് ശക്തമായ മത്സരം കാഴ്ചവെച്ചു.
2006 നിയമസഭാ തെരഞ്ഞെടുപ്പിലും (കൊല്ലങ്കോട് മണ്ഡലം) വി ചെന്താമരാക്ഷനും കെ എ ചന്ദ്രനും തന്നെ ഇടതിനായി മത്സരത്തിനിറങ്ങി. മുൻ തവണത്തേക്കാൾ വോട്ടുകളും (58,290) ഭൂരിപക്ഷവും ( 12,672) കൂടുതൽ നേടിയാണ് അന്ന് ചെന്താമരാക്ഷൻ വീണ്ടും വിജയിച്ചത്. കെ എ ചന്ദ്രനാകട്ടെ വോട്ടുകളുടെ എണ്ണം മുൻ തവണത്തേതിന് സമാനമായി 45,000ത്തിൽ തന്നെ നിന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി ചെന്താമരാക്ഷൻ വീണ്ടും സ്ഥാനാർത്ഥിയായി. എന്നാൽ, കെ എ ചന്ദ്രന് പകരം കരുത്തനായ എം വി രാഘവനെയാണ് അന്ന് യുഡിഎഫ് മണ്ഡലം പിടിക്കാനുള്ള ചുമതലയേൽപ്പിച്ചത്.


