തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യു ഡി എഫ്. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു ഡി എഫ് പുറത്തു വിട്ടു. നിയമത്തിന്റെ കരട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയാണ് പരസ്യപ്പെടുത്തിയത്.
ശബരിമലയിൽ പ്രവേശന നിയന്ത്രണം തന്ത്രിയുടെ അനുമതിയോടെ മതിയെന്നാണ് യു ഡി എഫ് തയ്യാറാക്കിയ കരടിലുള്ളത്. ശബരിമലയിൽ ആചാരം ലംഘിച്ചു കടന്നാൽ രണ്ടു വർഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമാണം നടത്തുമെന്ന് യു ഡി എഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തിൽ നിലപാട് ശക്തമാക്കിയിരിക്കുകയാണ് യു ഡി എഫ്.
ഇതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനിടെ കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.