
കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു. കൊറ്റിയാംവെള്ളിയിൽ 16 വയസ്സുള്ള യദു ദേവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുണ്ടായ വീട്ടിൽ നിന്നും അവശിഷ്ടങ്ങൾ നീക്കിയെന്നും പൊലീസിൽ പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. യുഡിഎഫിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്നാണ് എൽഡിഎഫിന്റെ മറുപടി.


