
തിരുവനന്തപുരം: കേരളം ഭവന രഹിതരില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്കുള്ള കുതിപ്പിന്റെ പാതയിലെന്ന് എ എ റഹീം എംപി. യുഡിഎഫ് (2011-16) ഭരണകാലത്തും ശേഷമുള്ള പിണറായി സര്‍ക്കാരിന്റെയും കാലത്ത് അനുവദിച്ചതും പുര്‍ത്തിയാക്കിയതുമായ വീടുകളുടെ കണക്കുകള്‍ നിരത്തിയാണ് രാജ്യസഭാ എംപിയുടെ പ്രതികരണം. പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണവും യുഡിഎഫ് ഭരണ കാലവും തമ്മിലുള്ള താരതമ്യമാണ് എംപി നടത്തുന്ന്
യുഡിഎഫ് 2011-16 ഭരണകാലത്ത് 4189 വീടുകള്‍ മാത്രം നിര്‍മ്മിച്ചപ്പോള്‍ ലൈഫ് പദ്ധതി പ്രതാകാരം ഇതുവരെ 4,71,442 വീടുകള്‍ നിര്‍മിച്ച് കൈമാറി. എല്ലാവര്ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി രാജ്യചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്നും എഎ റഹീം അവകാശപ്പെടുന്നു.
എഎ റഫീമിന്റെ പോസ്റ്റ് പൂര്‍ണരൂപം-
രണ്ട് പിണറായി വിജയന് സര്‍ക്കാരുകള്‍ ലൈഫ് പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 4,71,442 വീടുകള്‍. യുഡിഎഫ് 2011-16 ഭരണകാലത്ത് നിര്‍മിച്ചത് 4189 വീടുകള്‍ മാത്രം. എംഎന്‍ ലക്ഷം വീടുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ കണക്കാക്കിയാണ് യുഡിഎഫ് 4189 വീടുകളിലേയ്ക്ക് എത്തിയത്. സ. കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2016 ഫെബ്രുവരി 24ന് നിയമസഭയില്‍ നല്കിയ മറുപടിയിലാണ് യുഡിഎഫ് നിര്‍മിച്ച വീടുകളുടെ കാര്യം വ്യക്തമാക്കുന്നത്. ലക്ഷം വീട് വികസനത്തിനായി പ്രത്യേക പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ലെന്നും ഇൗ വീടുകളുടെ മേല്‍ക്കൂര പുതുക്കി പണിയാന്‍ 772 പേര്‍ക്ക് 10,000 രൂപ നല്‍കിയെന്നും മറുപടിയില്‍ പറയുന്നുണ്ട്. ലക്ഷം വീടുകളുടെ പുനര്‍നിര്‍മാണ പദ്ധതിയില്‍ 2191 വീട്, പത്രപ്രവര്‍ത്തക സബ്സിഡി അനുവദിച്ചത് 74 വീട്, സുരക്ഷ ഭവന പദ്ധതിയില്‍ 698 വീട്, സാഫല്യം ഭവന പദ്ധതിയില്‍ 48 ഫ്ലാറ്റ്, മറ്റു പദ്ധതികളിലായി 406 വീട് എന്നിവ നിര്‍മിച്ചതായാണ് മറുപടി.
പാര്‍പ്പിടമില്ലാത്ത കുടുംബങ്ങളെക്കുറിച്ച് ഭവന നിര്‍മാണ വകുപ്പ് വിവരശേഖരണം നടത്തിയിട്ടില്ലെന്നും 2013 നവംബര്‍ 26ലെ ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത 4,70,606 കുടുംബങ്ങള്‍ ഉണ്ടെന്നും ഇതില്‍ പറയുന്നു.
2015ല്‍ യുഡിഎഫ് പ്രഖ്യാപിച്ച തദ്ദേശവാര്‍ഡുകളില്‍ ഒരു വീട് എന്ന പദ്ധതിയ്ക്കായി ഏത്ര രൂപ വകയിരുത്തിയെന്ന് കെ വി വിജയദാസ് എംഎല്‍എ നിയമസഭയില്‍ ചോദിച്ചിരുന്നു. അതിന് ഉമ്മന്‍ചാണ്ടി നല്കിയ മറുപടി തുകയൊന്നും വകയിരുത്തിയിട്ടില്ല എന്നാണ്. ഭവന നിര്‍മാണ പദ്ധതികള്‍ക്കായി തുകയൊന്നും പിന്‍വലിച്ചിട്ടില്ലെന്നും വീടുകളുടെ നിര്‍മാണമൊന്നും ആരംഭിച്ചിട്ടിലെന്നും മറുപടിയിലുണ്ട്.
എല്ലാവര്ക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി രാജ്യചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 4,71,442 വീടുകള്‍ നിര്‍മിച്ച് ഇതിനകം കൈമാറി. ഒന്നേകാല്‍ ലക്ഷത്തോളം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇൗ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും ആറ് ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കും. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തുക ഭവനനിര്‍മാണത്തിന് നല്‍കുന്നത് കേരളത്തിലാണ്. അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തുമെന്നാണ് 2021ല്‍ യുഡിഎഫ് പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വരാതിരുന്നതിനാല്‍ രണ്ടര ലക്ഷത്തോളം പേര്‍ക്കുകൂടി വീട് ലഭിച്ചു.


