
കൊച്ചി: ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
മതിയായ തെളിവുകളില്ലാത്ത കേസിൽ സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബർ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ.
രാഷ്ട്രീയമായി ആ കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്. അക്കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സിഐ ആയിരുന്ന ഇകെ സാബുവിൻ്റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനേയും സുഹൃത്ത് സുരേഷ് കുമാറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആക്രിക്കടയിൽ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നു. ഇരുമ്പുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെപ്തംബർ 29ന് ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ക്രൂരമായ മർദനങ്ങൾക്ക് ഇരയായി രാത്രി എട്ടുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് എസ്ഐ അജിത് കുമാറും സിഐ ഇകെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാർജ് ചെയ്യുകയായിരുന്നു. ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കുമ്പോൾ വഴിയരികിൽ പരിക്കേറ്റ് കിടക്കുന്നതുകണ്ടു എന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് പോസ്റ്റ്മോർട്ടത്തിലാണ് മർദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികൾ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. പിന്നീട് ജനകീയ പ്രതിഷേധത്തെ തുടർന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.
