ദുബൈ: പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കിൽ നാട്ടിൽ കുടങ്ങിയവരുടെ താമസ വിസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒൻപത് വരെയാണ് കാലാവധി നീട്ടിയത്. വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് അനുമതിയോടെ യുഎഇയിലേക്ക് മടങ്ങാം. ഇതോടെ നാട്ടില്‍ കുടുങ്ങിയ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം.
നവംബര്‍ 9 നകം എത്തണമെന്നാണ് യുഎഇ അറിയിച്ചിട്ടുള്ളത്. ബാക്കി ഒരു മാസം ഗ്രേസ് പിരിയഡ് പോലെ വിസ റിന്യൂവലിന് ഉപയോഗിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ദുബായ് താമസവിസയുള്ളവര്‍ക്ക് വാക്സിന് എടുക്കാതെ തന്നെ ദുബായിലേക്ക് പ്രവേശിക്കാമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം കരുതണം. ഒപ്പം പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്നുള്ള കോവിഡ് റാപ്പിഡ് പരിശോധനാഫലവും നിര്‍ബന്ധമാണ്. അതേസമയം സന്ദര്‍ശ വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.