ക്വലാലംപുര്‍: ഹാട്രിക്കടക്കം 5 റണ്‍സിന് 5 വിക്കറ്റുകള്‍ പിഴുത ഇടംകൈയന്‍ സ്പിന്നര്‍ വൈഷ്ണവി ശര്‍മയുടെ മികവില്‍ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ തുടരെ രണ്ടാം പോരാട്ടവും വിജയിച്ച് ഇന്ത്യ. മലേഷ്യന്‍ വനിതകളെ 10 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത മലേഷ്യയുടെ പോരാട്ടം 14.3 ഓവറില്‍ വെറും 31 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ 2.5 ഓവറില്‍ 32 റണ്‍സ് എടുത്താണ് വിജയം അനായാസം സ്വന്തമാക്കിയത്.
ജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ഓപ്പണര്‍ ഗോന്‍ഗഡി തൃഷ പുറത്താകാതെ 12 പന്തില്‍ 27 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ജി കമാലിനി 4 റണ്‍സുമായി പുറത്താകാതെ നിന്നു. വെറും 17 പന്തില്‍ ഇന്ത്യ മത്സരം അവസാനിപ്പിച്ചു.
വൈഷ്ണവി ശര്‍മയുടെ സ്പിന്നിനു മുന്നില്‍ മലേഷ്യ ഉത്തരമില്ലാതെ നിന്നു. താരം നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും 5 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയാണ് മലേഷ്യയെ തകര്‍ത്തെറിഞ്ഞത്. അണ്ടര്‍ 19 ടി20 വനിതാ ലോകകപ്പില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അനുപമ നേട്ടവും വൈഷ്ണവി സ്വന്തം പേരിലാക്കി.
തുടക്കത്തില്‍ രണ്ട് വിക്കറ്റെടുത്ത വൈഷ്ണി 14ാം ഓവറിലാണ് ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2, 3, 4 പന്തുകളിലാണ് താരം ഹാട്രിക്ക് സ്വന്തമാക്കിയത്. 14ാം ഓവറില്‍ തുടരെ നുര്‍ അയ്ന് റോസ്ലന്‍, നുര്‍ ഇസ്മ ഡാനിയേല്‍, സിതി നസ്വ എന്നിവരെയാണ് വൈഷ്ണവി തുടര്‍ച്ചയായ പന്തുകളില്‍ മടക്കിയത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ എക്സ്ട്രാ ഇനത്തില്‍ വഴങ്ങിയ 11 റണ്‍സാണ് ടോപ് സ്കോര്‍. മലേഷ്യന്‍ ഇന്നിങ്സില്‍ രണ്ടക്കം കടന്ന സ്കോറും ഇതു തന്നെ. 5 റണ്‍സെടുത്ത നുര്‍ അലിയ ഹൈറുന്, നസതുല് റസാലി എന്നിവരാണ് ബാറ്റര്‍മാരിലെ ടോപ് സ്കോറര്‍മാര്‍. രണ്ട് താരങ്ങള്‍ 3 വീതം റണ്‍സും കണ്ടെത്തി. നാല് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി.