വാഷിംഗ്ടൺ: ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. വടക്കുപടിഞ്ഞാറൻ സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെയാണ് വധിച്ചതെന്ന് ജോ ബൈഡന് ട്വിറ്ററില്‍ വെളിപ്പെടുത്തി. ഖുറേഷിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി യുഎസ് ഭരണകൂടം അറിയിച്ചു.
സ്ഥാപകൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണശേഷം അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയാണ് സംഘത്തെ നയിച്ചത്. 2019 ഒക്ടോബർ 31 നാണ് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷി ഇസ്ലാമിക് നേതാവായി ചുമതലയേറ്റത്. യു എസ് സൈനിക നീക്കത്തിനിടെ ബോംബ് സ്ഫോടനത്തിലാണ് ഖുറേഷിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖുറൈഷിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്.

സൈനികനീക്കത്തെ വിജയകരമായ തീവ്രവാദ വിരുദ്ധ ദൗത്യമായി പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി വിശേഷിപ്പിച്ചിരുന്നു. യുഎസിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുർക്കി അതിർത്തിക്കടുത്തുള്ള അത്മേഹ് പ്രദേശത്തെ ഒരു വീട് ലക്ഷ്യമിട്ട് നടത്തിയ സൈനിക നീക്കത്തിന് ശേഷം ഉണ്ടായ ഏറ്റുമുട്ടലുകളിലും സ്ഫോടനങ്ങളിലും ആറ് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി സിറിയൻ രക്ഷാപ്രവർത്തകർ പറഞ്ഞു.
വടക്കുപടിഞ്ഞാറൻ സിറിയയിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള നിരവധി ജിഹാദി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാക്കളും പ്രദേശത്ത് ഒളിച്ചിരിക്കുകയാണ്.
