തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം പത്തിലധികം വാഹനങ്ങൾ വെട്ടി തകർത്തു. രണ്ടു പേർക്ക് പരിക്ക്. പ്രതിയിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ ആയതായി സൂചന.
ബാലരാമപുരം എരുത്താവൂർ , റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം അഴിഞ്ഞാടിയത്.
ഇവർ സഞ്ചരിച്ച പ്രദേശത്തെ നിർത്തിയിട്ടിരുന്ന 9 ലോറി , 3 കാറ് , നാല് ബൈക്ക്
എന്നിവയെ വെട്ടി തകർത്തു. എരുത്താവൂർ സ്വദേശിയായ അനു വിൻറെ കടയുടെ മുമ്പിൽ നിർത്തിയിരുന്ന ഹോണ്ട ആക്ടീവ പൂർണമായും അടിച്ചുതകർത്തു.
കാർ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റ് പരിക്ക് പറ്റിയത്. പരിക്കുകൾ നിസ്സാരമാണ്.
പരിഭ്രാന്തരായ നാട്ടുകാർ ബാലരാമപുരം പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ഇവരെ പിന്തുടർന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുന്ന ഇടയിൽ നരുവാമൂട് സ്വദേശി മിഥുനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായ മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി
പോലീസ് പറയുന്നു. കൂട്ടു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി ബാലരാമപുരം പൊലീസ് അറിയിച്ചു.