ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയിലെ സ്ട്രാത്ത്ഫോയിലിലെ ഇനാഫ് തടാകത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെ രണ്ട് മലയാളി കുട്ടികള്‍ മുങ്ങി മരിച്ചു.

എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു – വിജി ദമ്പതികളുടെ മകന് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍,കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്തുള്ള മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകന് റുവാൻ എന്നിവരാണ് മരിച്ചത്. സംഭവം വലിയ ദുരന്തമായെന്ന് ലോക്കല്‍ എം എല്‍ എ മാര്‍ക്ക് ഡര്ക്കന് പറഞ്ഞു.

16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. അഞ്ച് പേരടങ്ങിയ കൗമാരക്കാരുടെ സംഘം സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് തടാകത്തില്‍ നീന്താന്‍ ഇറങ്ങിയത് .നീന്തുന്നതിനിടെ റുവാൻ ഒഴുക്കില്‍പ്പെട്ടു.കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച ജോപ്പുവും അപകടത്തില്‍പ്പെടുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 6.30 നോടെയാണ് എമര്‍ജന്‍സി വിഭാഗത്തിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത് .സ്ഥലത്ത് പാഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനടുവിലാണ് രണ്ടാമത്തെയാളുടെ മൃതദേഹം തടാകത്തില്‍ നിന്നും ലഭിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി.

