ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ രണ്ട് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ ഗ്രാമവാസികൾ പിടികൂടി. ഗ്രാമവാസികൾ രണ്ട് ഭീകരരെയും കയറുകൊണ്ട് ബന്ധിക്കുകയും തുടർന്ന് ലോക്കൽ പോലീസിൽ അറിയിക്കുകയും ചെയ്തു. ഇതിനുശേഷം സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് രണ്ട് ഭീകരരെയും ഗ്രാമവാസികൾ കൈമാറി. ഭീകരരിൽ നിന്ന് വൻ തോതിൽ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഭീകരരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഗ്രാമീണരുടെ ഈ നിർഭയത്വത്തിനും ആത്മാർത്ഥതയ്ക്കും ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതേസമയം, ഗ്രാമവാസികളുടെ ധീരതയെ ആദരിച്ച് ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പോലീസ് രണ്ട് ഭീകരരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ ബാരാമുള്ള സ്വദേശി ഫൈസൽ ദാറിന്റെ മകൻ ബഷീർ അഹമ്മദ് ദാറും രണ്ടാമത്തെയാൾ രജോരിയിൽ താമസിക്കുന്ന താലിബ് ഹുസൈന്റെ മകൻ ഹൈദർ ഷായുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് എകെ റൈഫിളുകളും ഏഴ് ഗ്രനേഡുകളും ഒരു പിസ്റ്റളും ഭീകരരുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രജോരി ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് താലിബ്.