തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് സാഹസികതയ്ക്കൊരുങ്ങിയിയ കെസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാലിതാ ഉള്‍പൊട്ടലില്‍ അകപ്പെട്ട് മരണം മുഖാമുഖം കണ്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി മാതൃകയായിരിക്കുകയാണ് രണ്ട് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍.
കോട്ടയം പുല്ലുപാറയ്ക്ക് സമീപത്താണ് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റിത്. ഇന്നലെ രാവിലെ പുല്ലുപാറയ്ക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായി പാറകളും മണ്ണും റോഡിലേക്ക് പതിച്ചിരുന്നു. ഇവിടെ വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
റോഡ് ബ്ലോക്ക് ആയത് കാരണം എരുമേലിയില്‍ നിന്ന് പാഞ്ചാലിമേടിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടി ബസ് അരമണിക്കൂറോളം ഇവിടെ നിര്‍ത്തിയിട്ടിരിരുന്നു. നിര്‍ത്തിയിട്ട ബസിലിരുന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു കണ്ടക്ടര്‍ ജെയ്സണ്‍ ജോസഫ്. ഇതിനിടെയിലാണ് ഒരു കരച്ചില് കേള്‍ക്കുന്നത്. ഒരു കുട്ടിയും മറ്റൊരാളും ഒഴുകി വന്ന് ബസിന്റെ സമീപം പിടിച്ച് നിന്ന് ശബ്ദം ഉയര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കണ്ടക്ടര്‍ വെള്ളത്തിലേക്കിറങ്ങി ഇവരെ രക്ഷിച്ചു.
വെള്ളത്തിലൂടെ ഒഴുകി എത്തിയവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവരെന്നാണ് വിവരം. സാരമായ പരിക്കേറ്റ ഇവര്‍ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ നാല് പേരുടെ ജീവനാണ് രക്ഷിക്കാനായത്.