പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത ചിറ്റാർ സ്വദേശിയായ മത്തായിയുടെ മരണത്തിൽ രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവര്‍ക്കെതിരെയാണ് നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർക്കുമെന്നാണ് സൂചന. രേഖകളിൽ തിരിമറി നടത്തി എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സംഭവ ദിവസം രാത്രി ഗുരുനാഥന്മണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചിറ്റാറിലെത്തി ജനറല്‍ ഡയറി കൊണ്ടു പോയി. രേഖകള്‍ തിരുത്തിയ ശേഷം പുലര്‍ച്ച ഇവര്‍ തന്നെ ഡയറി തിരിച്ചെത്തിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡിഎഫ്ഒയുടെ പ്രത്യേക അനുമതി ഇല്ലാതെ ജനറല്‍ ഡയറി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
നിരീക്ഷണ ക്യാമറ നശിപ്പിച്ചെന്നാരോപിച്ച് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയ മത്തായി പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.