ആലുവ: നാണയം വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. തുടർന്ന് കുട്ടിയുടെ സ്വദേശമായ കൊല്ലത്തേക്ക് മൃതദേഹം കൊണ്ടു പോയി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചു.
എന്നാൽ കുട്ടിയുടെ വയറ്റിൽ നിന്നും രണ്ട് നാണയങ്ങൾ പോസ്റ്മോർട്ടത്തിൽ കണ്ടെത്തുകയുണ്ടായി. പോസ്റ്റ്മോര്‍ട്ടത്തില്‍ 2 നാണയങ്ങള്‍ പുറത്തെടുത്തു.1 രൂപ നാണയവും 50 പൈസയുമാണ് കണ്ടെടുത്തത്. ഒരു നാണയം കണ്ടെത്തിയത് വന്‍കുടലിന്റെ ഭാഗത്ത് നിന്നാണ്. എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല.
അതേസമയം നാണയം വിഴുങ്ങിയല്ല മരണമെങ്കിൽ, മറ്റ് എന്ത് രോഗമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് മൂന്ന് ആശുപത്രികളിൽ പരിശോധിച്ചിട്ടും കണ്ടെത്താതിരുന്നത് വീഴ്ചയാണെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്ബതികളുടെ മൂന്ന് വയസുള്ള മകന് പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ് എറണാകുളം