
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലെ ഓൾഡ് കോർണിഷ് ബീച്ചിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പാകിസ്ഥാന് സ്വദേശികളായ 12 വയസ്സുള്ള ഒമർ ആസിഫ്, സുഹൃത്ത് ഹമ്മാദ് എന്നിവരാണ് മുങ്ങി മരിച്ചത്.
കൂട്ടുകാർ വിളിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇരുവരും കടലിലേക്ക് പോയതെന്ന് ഉമറിന്റെ പിതാവ് മുഹമ്മദ് ആസിഫ് ഖലീജ് ടൈംസിനോട് പറഞ്ഞു. ഒമറിന്റെ ഒൻപത് വയസ്സുള്ള ഇളയ സഹോദരൻ ഉമൈർ ഈ സമയം വീട്ടിലുണ്ടായിരുന്നു.
സാധാരണ വൈകുന്നേരം നേരത്തെ പുറത്ത് പോകാത്ത ഒമർ, അന്ന് കൂട്ടുകാർ വിളിച്ചതു കൊണ്ടാണ് പോയത്. ഉച്ചവരെ ബന്ധുവിനൊപ്പം കളിച്ചതിന് ശേഷമാണ് ഒമർ ആരെയും അറിയിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിതാവ് മുഹമ്മദിന്റെ മൊബൈൽ ഫോൺ കടയിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള അബായ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, കുട്ടികൾ വൈകുന്നേരം 4:28 ന് തെരുവിലൂടെ നടന്നു പോകുന്നത് കാണാം. ഒമറിന്റെ ഇളയ സഹോദരൻ ഉമൈർ തനിച്ചെത്തിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് മുഹമ്മദ് മനസ്സിലാക്കിയത്. തുടർന്ന് കടലിൽ ചില കുട്ടികൾക്ക് അപകടം സംഭവിച്ചു എന്ന വിവരം ഒരു അയൽക്കാരൻ അദ്ദേഹത്തെ അറിയിച്ചു.
ഫോണിൽ വിളിച്ചിട്ടും മറുപടി ലഭിക്കാതായതോടെ പരിഭ്രാന്തനായ പിതാവ് സഖർ ആശുപത്രിയിലേക്ക് പാഞ്ഞെത്തിയെങ്കിലും അപ്പോഴേക്കും ഒമർ മരിച്ചതായി അധികൃതർ അറിയിച്ചു. ഒമർ ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് കടലിൽ പോയിട്ടുള്ളത്. ഒമറിന് നീന്താൻ അറിയില്ലാത്തതിനാൽ അന്ന് പിതാവ് കർശനമായി വിലക്കിയിരുന്നു. വെള്ളത്തിനടുത്ത് പോകരുതെന്ന് അവന് എപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നതായി പിതാവ് പറഞ്ഞു.
സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കായി ഫോമും പണവും ശരിയാക്കി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ഒമർ. പാക്കിസ്ഥാനിലുള്ള ബന്ധുക്കളെ കാണാൻ പോകണമെന്ന മോഹവും ബാക്കിയാക്കിയാണ് ഒമർ യാത്രയായതെന്ന് പിതാവ് പറഞ്ഞു. പ്രതീക്ഷകൾ ബാക്കിയാക്കി രണ്ട് കുട്ടികളുടെ ജീവൻ പൊലിഞ്ഞ ഈ ദാരുണമായ നഷ്ടം പാകിസ്ഥാനി സമൂഹത്തെയും റാസൽഖൈമയിലെ മറ്റ് താമസക്കാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


