
മനാമ: ഇലക്ട്രിക് കേബിൾ മോഷ്ടിച്ച സംഭവത്തിൽ ബഹറൈനിൽ രണ്ട് ഏഷ്യൻ വംശജർ പിടിയിൽ. 14 ലക്ഷം ഇന്ത്യൻ രൂപയുടെ കേബിൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇവരെ പിടികൂടിയപ്പോൾ കേബിളുകൾക്കൊപ്പം ലഹരി വസ്തുക്കളും കണ്ടെടുത്തതായി ബഹ്റൈൻ പൊലീസിനെ ഉദ്ധരിച്ച് ന്യൂസ് ഓഫ് ബഹ്റൈൻ റിപ്പോർട്ട് ചെയ്തു.
വീട്ടുപകരണങ്ങളുടെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് സംശയത്തിൽ പിടികൂടിയ രണ്ട് പേരിൽ നിന്നാണ് ഇലക്ട്രിക് കേബിളുകൾ, ലോഹ വസ്തുക്കൾ എന്നിവയും ലഹരിവസ്തുക്കളും പിടികൂടിയത്.
ഏഷ്യാക്കാരായ 44 വയസ്സും 42 വയസ്സുമുള്ളവരാണ് പിടിയിലായത് എന്ന് പൊലീസ് അറിയിച്ചു. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ( സി ഐ ഡി) ആണ് പ്രതികളെ പിടികൂടിയത്.
മോഷണ പരാതികളെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ആണ് സംഭവത്തിൽ അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഇവരുടെ അന്വേഷണത്തിലാണ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
അന്വേഷണത്തിൽ പ്രതികളിൽ നിന്ന് 6000 ബഹ്റൈനി ദിർഹം ( 14,35,653 ഇന്ത്യൻ രൂപ) വില വരുന്ന ഇലക്ട്രിക് കേബിളുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തായി റിപ്പോർട്ട് ചെയ്യുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർ നടപടികൾക്കായി തൊണ്ടിമുതലുകൾ സഹിതം പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.


