മനാമ: ബഹ്റൈനിൽ അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കൈവശം വെച്ച രണ്ട് ഏഷ്യൻ വംശജർ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റാണ് പ്രാദേശികമായി “ഷാബു” എന്നറിയപ്പെടുന്ന 20 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്. വിപണനമുദ്ദേശിച്ച് സൂക്ഷിച്ചിരുന്നവയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികളുടെ വസതിയിൽ മയക്കുമരുന്ന് പദാർത്ഥങ്ങൾ നിർമ്മിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അവിടെ നിന്ന് മയക്കുമരുന്ന് വസ്തുക്കളും അവയുടെ നിർമ്മാണത്തിനുള്ള ഉപകരണങ്ങളും കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി ബന്ധമുള്ള മറ്റ് കൂട്ടുപ്രതികളുണ്ടോയെന്ന കാര്യവും പ്രത്യേക ടീം അന്വേഷിക്കുന്നുണ്ട്. പ്രതികളെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി റിമാന്റ് ചെയ്തിരിക്കുകയാണ്.