മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ദീൻ, മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മർദ്ദിച്ചതിനുമാണ് കേസ്. മലപ്പുറം വേങ്ങര കുറുക ഗവണ്മെന്റ് ഹൈസ്കൂളിലെ ചിത്രകല അധ്യാപകന് വേങ്ങര ആശാരിപ്പടി മൂര്‍ത്തി നഹ്മത്ത് നഗര്‍ സ്വദേശി സുരേഷ് കുമാറിനെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീയോട് വാട്സ് ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഒരു സംഘം മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതത്. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി സുരേഷ് കുമാറിനെ മര്‍ദ്ദിച്ചിരുന്നതായി സഹോദരന് പ്രകാശ് പോലീസിനോട് പറഞ്ഞിരുന്നു .ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൾ പരിക്കേറ്റ സുരേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയ്യിലെ മുറിവിന് തുന്നല്‍ ഇടുകയും ചെയ്തു. രാത്രി വീട്ടില്‍ എത്തിയ സുരേഷ് അപമാനഭയത്താൽ മനം നൊന്ത് ജീവനൊടുക്കുകയായിരുന്നു.