ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സുപ്രീം കോടതിയെ സമീപിച്ചു. സ്ഫോടനത്തിൽ ഇവരുടെ പങ്ക് വ്യക്തമാണെന്ന് കാണിച്ച് എൻഐഎ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച്, സെപ്റ്റംബർ 12ന് കേസ് പരിഗണിക്കാൻ ഉത്തരവിട്ടു.
നസീറിന് മൂന്ന് ജീവപര്യന്തം തടവും ഷഫാസിന് രണ്ട് ജീവപര്യന്തം തടവുമാണ് എൻഐഎ കോടതി വിധിച്ചത്. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്. സ്ഫോടനത്തിന് മുമ്പ് നടന്ന ഗൂഢാലോചനയിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ എൻ.ഐ.എ പറയുന്നു.
രണ്ടാം മാറാട് കലാപക്കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ച 2005ലെ കോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 2006 മാർച്ച് മൂന്നിന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും മൊഫ്യൂസിൾ ബസ് സ്റ്റാൻഡിലും സ്ഫോടനമുണ്ടായി. കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് 2009 ൽ എൻ.ഐ.എയും ഏറ്റെടുക്കുകയായിരുന്നു.
