കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പ്രതികളായ നാല് സി.പി.എം പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ഉപാധികളോട് നാല് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. കുന്നത്ത് നാട് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് അടക്കമുള്ള വ്യവസ്ഥകൾ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. മർദ്ദനമേറ്റ് മരിച്ച ദീപു ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തനിക്ക് വീണു പരിക്കേറ്റതാണെന്ന് ഡോക്ടർമാർക്ക് മൊഴി നൽകിയിരുന്നുവെന്നും പിന്നീട് രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് മൊഴി മാറ്റുകയായിരുന്നുവെന്നും പ്രതികൾ ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത് പരിഗണിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
കിഴക്കമ്പലത്ത് ട്വൻ്റി ട്വൻ്റി നടത്തിയ വിളക്കണയ്ക്ക്ൽ സമരത്തിനിടെ ഫെബ്രുവരി 12-നാണ് ദീപുവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ 18-ന് ഉച്ചയോടെ ദീപു മരിച്ചു. കേസിൽ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ റഹ്മാൻ പ്രവർത്തകരായ അസീസ്,സൈനുദ്ദീൻ,ബഷീർ എന്നിവർ നിലവിൽ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്. തലയ്ക്കേറ്റ ശക്തമായ ക്ഷതം മൂലമാണ് ദീപു മരണപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ രോഗം മൂർച്ഛിച്ചാണ് ദീപു മരിച്ചതെന്നായിരുന്നു പിവി ശ്രീനിജൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കളുടെ വാദം.
