ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി നടത്തിയ റിപ്പബ്ലിക് വിരുന്നില്‍ നിന്ന് വിട്ടു നിന്ന് ഭരണകക്ഷിയായ ഡിഎംകെയും നടന് വിജയിന്റെ പാര്‍ട്ടിയായ തമിഴക വെറ്റ്റി കഴകവും. ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ചായസല്‍ക്കാരം ബഹിഷ്കരിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് ഡിഎംകെ ഗവര്‍ണറുമായി ഏറ്റുമുട്ടലിലാണ്.
ഗവര്‍ണറുടെ വിരുന്നില്‍ ഡിഎംകെയുടെ ഒരു പ്രതിനിധിയും പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്, വിടുതലൈ മക്കള്‍ കട്ചി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവയും വിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എംഡിഎംകെ നേതാവ് വൈകോയും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചു.
ഗവര്‍ണര്‍ അധികാരമേറ്റ ദിവസം മുതല്‍ സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയാണ്. ഗവര്‍ണര്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്നും വൈകോ ആരോപിച്ചു. ഭരണഘടനയെയും ഫെഡറലിസത്തെയും നിയമസഭയുടെ അധികാരത്തെയും ഗവര്‍ണര്‍ അനാദരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം പറഞ്ഞു