
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ടർക്കിഷ് മേളയ്ക്ക് തുടക്കമായി. ബഹ്റൈനിലെ തുർക്കി അംബാസഡർ എസെൻ കാക്കിൽ മേള ഉദ്ഘാടനം ചെയ്തു.
രുചികരമായ തുർക്കി ചീസ്, ഡ്രൈ ഫ്രൂട്ട്, പച്ചക്കറികൾ, മുന്തിയ ഇനം ഒലിവ്, ഒലിവ് ഓയിൽ, മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, ലിനൻ, ടവൽ, വസ്ത്രങ്ങൾ, പാദരക്ഷകൾ, കുട്ടിയുടുപ്പുകൾ, കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. ഹോട്ട് ഫുഡ്സ് വിഭാഗത്തിൽ തുർക്കി ഭക്ഷണങ്ങളുടെ തത്സമയ പാചക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ടർക്കിഷ് ഭക്ഷണത്തിന്റെ പ്രത്യേക പ്രദർശനവും ടർക്കിഷ് ശൈലിയിലുള്ള ബക്ലാവയും വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. തുർക്കിയിലേക്കുള്ള അവധിക്കാല യാത്രാ പാക്കേജുകളും മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്.

ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തുർക്കിയെന്നും ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അംബാസഡർ എസെൻ കാക്കിൽ പറഞ്ഞു.

വൈവിധ്യമാർന്ന തുർക്കി ഉൽപന്നങ്ങൾ താങ്ങാനാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു റീജനൽ ഡയറക്ടർ മുഹമ്മദ് കലീം പറഞ്ഞു.
