
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ബ്രിക്സ് ഉച്ചകോടി പുരോഗമിക്കവെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങള്‍ക്കെതിരെ പുതിയ ഭീഷണിയുമായി രംഗത്തെത്തി. ബ്രിക്സിന്റെ ‘അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി’ യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് ഒരു ഇളവുകളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് തീരുവ നടപടികളെ അപലപിച്ചുകൊണ്ടുള്ള ബ്രിക്സ് പ്രഖ്യാപനത്തില്‍ ഇന്ത്യയടക്കമുള്ള അംഗരാഷ്ട്രങ്ങള്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. നേരത്തെ, ബ്രിക്സ് ബ്ലോക്ക് യുഎസ് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കാന്‍ പദ്ധതിയിട്ടാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളുമായുള്ള തീരുവ കരാറുകളെക്കുറിച്ചുള്ള കത്തുകള്‍ ഇന്ന് മുതല്‍ അയച്ചുതുടങ്ങുമെന്നും ട്രംപ് അറിയിച്ചു.
വ്യാപാരത്തെ വളച്ചൊടിക്കുകയും ഡബ്ല്യുടിഒ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ഏകപക്ഷീയമായ തീരുവകളും അല്ലാത്തതുമായ നടപടികളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ട്രംപ് ഭരണകൂടത്തെ വ്യക്തമായി ലക്ഷ്യമിട്ടായിരുന്നു ഈ പ്രസ്താവനയെങ്കിലും, ചില അംഗരാജ്യങ്ങള്‍ക്ക് നേരിട്ട് യുഎസിനെ പേരെടുത്ത് പറയാന്‍ മടിയുണ്ടായിരുന്നതിനാല്‍ പ്രസ്താവനയില്‍ യുഎസിന്റെ പേര് ഒഴിവാക്കിയിരുന്നു. ഏകപക്ഷീയമായ നിര്‍ബന്ധിത നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതാണെന്നും സാമ്പത്തിക ഉപരോധങ്ങള്‍ പോലുള്ള നടപടികള്‍ക്ക് ദൂരവ്യാപകമായ ദോഷകരമായ ഫലങ്ങളുണ്ടെന്നും പ്രഖ്യാപനം ചൂണ്ടിക്കാട്ടി.
ഇന്ത്യയും യുഎസും ഫെബ്രുവരിയില്‍ ഉഭയകക്ഷി വ്യാപാര ഉടമ്പടിക്കായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ ആകുമ്പോഴേക്കും ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടെ, ഇരുപക്ഷവും ഒരു ഇടക്കാല വ്യാപാര കരാറിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ശക്തമായി പ്രതികരിച്ച് ചൈന
ബ്രിക്സ് രാജ്യങ്ങള്‍ക്ക് 10% അധിക തീരുവ ചുമത്തുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. ബ്രിക്സ് കൂട്ടായ്മ ഒരു സംഘര്‍ഷവും ആഗ്രഹിക്കുന്നില്ലെന്നും തീരുവ നടപടികള്‍ക്ക് ക്രിയാത്മകമല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തീരുവകളെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദ ഉപാധിയായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും ബീജിംഗ് ആവര്‍ത്തിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയും പുതുതായി ചേര്‍ത്ത ഈജിപ്ത്, യുഎഇ തുടങ്ങിയ അംഗരാജ്യങ്ങളും ഉള്‍പ്പെടുന്ന ബ്രിക്സ് ഗ്രൂപ്പിനെ ലക്ഷ്യമിട്ട് അധിക തീരുവകള്‍ പരിഗണിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന
