വാഷിംഗ്ടൺ: താലിബാൻ ഭീകരരെ പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാൻ മികച്ച പോരാളികളാണെന്നും സാമർത്ഥ്യമുള്ളവരാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം പ്രസിഡന്റ് ജോ ബൈഡനാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ആയിരം വർഷമായി താലിബാൻ പോരാടുകയാണ്. അഫ്ഗാൻ പ്രതിസന്ധി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ആണ്. തന്റെ ഭരണകാലത്ത് അഫ്ഗാൻ സർക്കാരിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്താനിൽ നിന്നും അമേരിക്ക പിന്മാറിയതല്ല, പിന്മാറിയ രീതിയാണ് തെറ്റായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഒരു അമേരിക്കൻ പൗരനെ ഉപദ്രവിച്ചാൽ പത്തിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്ന് താലിബാൻ നേതാവ് മുല്ല അബ്ദുൽഗനി ബരാദറിന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന്റെ അഭിമുഖത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ട്രംപിനെ വിമർശിച്ച് എത്തിയിരിക്കുന്നത്.