അഗര്‍ത്തല: അഗര്‍ത്തല മുനിസിപ്പല്‍ കോര്പ്പറേഷന് ഉള്‍പ്പടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി. 222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ 217 ഇടങ്ങളിലാണ് ബിജെപി വിജയിച്ചത്. സിപിഎം മൂന്നിടത്ത് വിജയിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ടിഐപിആര്‍എ മോത്ത എന്നിവര്‍ ഒരു സീറ്റിലും വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല.
സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ എത്തിയ തൃണമൂലിന് കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനായില്ല. പലയിടത്തും ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞടുക്കപ്പെട്ടത്.
അഗര്‍ത്തലമുന്‍സിപ്പല്‍ കോര്പ്പറേഷന് ഉള്‍പ്പടെ 334 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ബിജെപി 329 ഇടത്താണ് വിജയിച്ചത്. 112 ഇടങ്ങളില്‍ എതിരില്ലാതെയാണ് പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടത്. അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ എതിരില്ലാതെയാണ് ബിജെപിയുടെ വിജയം. 51 സീറ്റുകളും ബിജെപി നേടി.
സിപിഎം അംപാസ പഞ്ചായത്തിലെ ഒരുവാര്‍ഡിലും കൈലാഷ് നഗര്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലും പനിസാഗര്‍ നഗര്‍ പഞ്ചായത്തിലെ ഒരുവാര്‍ഡിലുമാണ് വിജയം നേടിയത്. അംപാസയിലെ ഒരൂവാര്‍ഡിലാണ് തൃണമൂലും വിജയിച്ചത്.
സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. 2018ല്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്.