തൃശൂർ: ചാവക്കാട് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായത് ഭൂചലനമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ.
തിരുവത്ര പുതിയറയിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.15ന് ഭൂമിക്കടിയില്‍ നിന്നു വലിയ പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഇത് നാഷണൽ സെന്റർ ഫോർ സീസ്മോളജി ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ലെന്നു കലക്ടര്‍ വ്യക്തമാക്കി.
നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശം തഹസിൽദാരും വില്ലേജ് ഓഫീസറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച പ്രദേശത്ത് ജിയോളജിസ്റ്റ്, ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തിനോട് കൂടുതൽ പരിശോധന നടത്താൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.
അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്മോളജി സെന്റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു.
കോഴിക്കോട് ജില്ലയിലും പാലക്കാടും പ്രകമ്പനം അനുഭവപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, കൂടരഞ്ഞി, കാരാട്ടുപാറ , കരിങ്കുറ്റി പ്രദേശങ്ങളിലും പാലക്കാട് ജില്ലയിലെ അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്. ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി.ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടത്. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.