കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിധി കണ്ടെത്തി. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍.പി. സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയില്‍ ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയില്നിന്നാണ് ഇന്ന് വീണ്ടും നിധി കിട്ടിയത്.
സ്വര്‍ണമുത്തുകളും വെള്ളി നാണയങ്ങളുമാണ് കണ്ടെത്തിയത്. രാവിലെ കുഴി വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നിധി കിട്ടിയത്.
പഞ്ചായത്ത് അധികൃതരെ അറിയിച്ചശേഷം നിധി പോലീസിനു കൈമാറുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ 17 മുത്തുമണികള്‍, 13 സ്വര്‍ണപ്പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങള്‍, പഴയകാലത്തെ 5 മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍ എന്നിവയാണ് ലഭിച്ചത്. നിധി പോലീസ് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു.
നിധിയിലെ നാണയങ്ങളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.