കൊച്ചി: മുളവുകാട് നിന്ന് കാണാതായ 3 സ്കൂൾ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെയും രണ്ട് പെൺകുട്ടികളെയും വെള്ളിയാഴ്ചയാണ് മുളവുകാട് നിന്ന് കാണാതായത്. കുട്ടികൾ സ്കൂളിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കിയ വീട്ടുകാർ ബന്ധുവീടുകളിൽ തിരച്ചിൽ നടത്തി. അവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ മുളവുകാട് പൊലീസിനെ സമീപിക്കുകയായിരുന്നു.
സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ്.ശശിധരൻ, എറണാകുളം സെൻട്രൽ എസിപി അബ്ദുൾ സലാം, മുളവുകാട് എസ്.എച്ച്.ഒ. മഞ്ജിത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മുളവുകാട് ജനപ്രതിനിധികളും അന്വേഷണത്തിൽ പങ്കുചേർന്നു. രണ്ട് കുട്ടികളുടെയും കൈവശം മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അത് സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടെ കുട്ടികൾ പാലക്കാട് ഉണ്ടെന്ന് അറിഞ്ഞ് പൊലീസ് അവിടേയ്ക്ക് പോയി. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടികൾ മലപ്പുറത്ത് എത്തിയതായി സൈബർ സെല്ലിന് വിവരം ലഭിച്ചു. ഇതോടെ പൊലീസ് മലപ്പുറത്ത് എത്തി. മലപ്പുറം ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ കുട്ടികളെ വനിതാ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്ത് എത്തിച്ചു.
എറണാകുളത്ത് നിന്ന് ആരംഭിച്ച കുട്ടികളുടെ യാത്ര വൈറ്റില, കോട്ടയം, പാലാ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലേക്ക് നീണ്ടു. പഠനത്തിന്റെ സമ്മർദ്ദം കുറയ്ക്കണമെന്ന ചിന്തയും ദൂരയാത്ര ചെയ്യാനുള്ള ആഗ്രഹവുമാണ് കുട്ടികളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ മുളവുകാട് എസ്.ഐ ശ്രീജിത്ത് വി, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കെ ആർ, തോമസ് പോൾ എന്നിവരും പങ്കെടുത്തു.