ഇരിട്ടി: കോവിഡിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണാടകയിൽ പ്രവേശിക്കുന്നതിന് കുടക് ജില്ല ഭരണ കൂടം ഏർപ്പെടുത്തിയ നിയന്ത്രണം കൂടുതൽ ശക്തമാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അന്തർസംസ്ഥാന യാത്രക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് നിലനിൽക്കെയാണ്, കേരളത്തിൽനിന്ന് കുടകിലേക്കുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ബസ് സർവിസിനും ഏർപ്പെടുത്തിയ നിയന്ത്രണം 13വരെ നീട്ടിയത്. നേരത്തെ ആഗസ്റ്റ് 31 വരെയായിരുന്നു നിയന്ത്രണം. കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിലുള്ള നിയന്ത്രണങ്ങൾ 13 വരെ നീട്ടി കുടക് അസി. കമീഷണർ ചാരുലത സോമൽ കഴിഞ്ഞദിവസം പുതിയ ഉത്തരവിറക്കി.
നിയന്ത്രണങ്ങൾ തുടരുന്നതോടൊപ്പം കേരളത്തിൽ നിന്നെത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ഗൃഹ സമ്പർക്കവിലക്കും കർശനമാക്കി. കർണാടക സർക്കാർ കേരളത്തിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ഇതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഗൃഹസമ്പർക്ക വിലക്കിലേക്ക് നയിച്ചത്. നിലവിൽ തുടരുന്ന രാത്രികാല കർഫ്യൂവും വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ കോവിഡില്ലാ സർട്ടിഫിക്കറ്റും ചരക്ക് വാഹന തൊഴിലാളികൾക്ക് ഏഴു ദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമാണ് വേണ്ടത്.
