തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ഫർണസ് ഓയിൽ പൈപ്പ്ലൈനിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് നിർത്തി വച്ച പ്ളാന്റുകളുടെ പ്രവർത്തനം വ്യാഴാഴ്ച (ആഗസ്റ്റ് 12 ) മുതൽ പുനരാരംഭിക്കാനും പൂർണ്ണ ശേഷിയിൽ ഉൽപാദനം നടത്താനും തീരുമാനമായി. വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവർ കമ്പനിയുടെ പരിസരവാസികൾ ചേർന്ന് രൂപീകരിച്ച കോസ്റ്റൽ അപ്ലിഫ്റ്റ് അസാസിയേഷൻ, ട്രേഡ് യൂണിയനുകൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓയിൽ ചോർച്ചയെത്തുടർന്ന് പരിസരവാസികൾ അടച്ച പുത്തൻ തുറയിലെ ഓട തുറന്ന് മാലിന്യമൊഴുകിപ്പോകാനുള്ള സൗകര്യമൊരുക്കുമെന്ന് കോസ്റ്റൽ അപ്ലിഫ്റ്റ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 10 നാണ് ഓയിൽ പൈപ്പ് ലൈനിൽ ചോർച്ച ഉണ്ടായത്.
ചോർച്ചയെത്തുടർന്ന് കായലോരത്തെ തൊഴിൽ നഷ്ടപ്പെട്ട തദ്ദേശ വാസികൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഉടനെ തീരുമാനമെടുക്കും. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി. ദേശീയ ഹരിത ട്രിബ്യൂണൽ വിധിക്ക് വിധേയമായിരിക്കും ഇത്.

പ്രദേശവാസികൾക്ക് കമ്പനിയിലെ അവിദഗ്ധ തൊഴിലുകളിൽ സംവരണം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് നിയമ വകുപ്പിന്റെ ഉപദേശം തേടും. 25 ശതമാനം സംവരണം ഏർപ്പെടുത്തി നിയമന വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് നിയമോപദേശത്തിന് വിടുന്നത്. പരിസരവാസികൾക്കായി ആശുപത്രി നിർമ്മിക്കുന്നതിന് സ്ഥലം നൽകാനാകുമോ എന്ന് പരിശോധിക്കും.
മാലിന്യമൊഴുക്കുന്നതിനുള്ള ഓട അടച്ചതിനെത്തുടർന്ന് ഫെബ്രുവരി 10 ന് കമ്പനി ഭാഗികമായി ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ ഫലമായി 4 കോടി രൂപ പ്രതിദിന നഷ്ടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. മന്ത്രി തല ചർച്ചയിൽ പ്രശ്ന പരിഹാരമായതോടെ പൂർണ്ണ ഉൽപാദനശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയും.
മന്ത്രിമാർക്ക് പുറമേ പി.സി.വിഷ്ണുനാഥ് എം എൽ.എ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ടി.ടി.പി മാനേജിംഗ് ഡയറക്ടർ ജോർജ്ജ് നൈനാൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
