മനാമ: പൊതുഗതാഗത മേഖലയിൽ വൈദഗ്ധ്യമുള്ള പ്രാദേശിക, അന്തർദേശീയ കമ്പനികൾക്കായി ബഹ്റൈൻ മെട്രോ പ്രോജക്റ്റ് (ഫേസ് വൺ) പ്രീ-ക്വാളിഫിക്കേഷൻ ടെൻഡർ ആരംഭിച്ചതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ആരംഭിച്ച സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ നീക്കം. വിദേശ നിക്ഷേപങ്ങളെയും വൻകിട ബഹുരാഷ്ട്ര കമ്പനികളെയും ആകർഷിച്ചുകൊണ്ട് സാമ്പത്തിക വളർച്ചയെ സഹായിക്കാൻ ലക്ഷ്യമിടുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ബഹ്റൈൻ മെട്രോ പദ്ധതി.
പുതിയ വികസന പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലയിലും തന്ത്രപ്രധാനമായ മുൻഗണനാ മേഖലകളിലും 30 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് നടത്തുന്നത്. ബഹ്റൈന്റെ ‘സാമ്പത്തിക ദർശനം 2030’പദ്ധതിക്ക് ഊർജം പകരുന്നതാണ് ഈ പദ്ധതി. സംയോജിത പൊതുഗതാഗത ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതി രാജ്യത്തെ ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി കമാൽ ബിൻ അഹമ്മദ് മുഹമ്മദ് പറഞ്ഞു.
ബഹ്റൈൻ മെട്രോ ഒന്നാം ഘട്ട പദ്ധതി ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നടപ്പിലാക്കുകയും പൂർണ്ണമായും ഓട്ടോമേറ്റഡ് ആയിരിക്കുകയും ചെയ്യും. പൊതു–സ്വകാര്യ പങ്കാളിത്ത (പി പി പി) രീതിയിലുള്ള മെട്രോ പദ്ധതിയിലെ സ്വകാര്യ പങ്കാളി ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപറേറ്റ്, മെയിൻറയിൻ, ട്രാൻസ്ഫർ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
109 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മെട്രോ ശൃംഖല രാജ്യത്തെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും. 20 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ആദ്യഘട്ടം ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് മനാമയെയും ഡിപ്ലോമാറ്റിക് ഏരിയയെയും ബന്ധിപ്പിച്ച് സീഫ് വരെ നീളുന്നതാണ്. മുഹറഖ്, മനാമ, ഡിപ്ലോമാറ്റിക് ഏരിയ, ജുഫെയർ, സീഫ് ഡിസ്ട്രിക്റ്റ്, ടുബ്ലി, അധാരി, ഇസ ടൗൺ എന്നിവയെ ബന്ധിപ്പിക്കുന്ന 20 സ്റ്റേഷനുകളും മൊത്തം 29 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് ലൈനുകളും ബഹ്റൈൻ മെട്രോ ഒന്നാം ഘട്ട പദ്ധതിയിൽ അടങ്ങിയിരിക്കും.
