കോഴിക്കോട്: കോഴിക്കോട് ഏലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കിൽ നിന്ന് കണ്ടെത്തി. ട്രാക്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണം നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. റെയിൽവ മന്ത്രാലയം സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടി. അതേസമയം, അക്രമി യുപി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ കൂടുതൽ പേർ ഏലത്തൂരിലെത്തി. ഏലത്തൂർ പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോറ്റുപാത്രവും കണ്ടെത്തി. ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോൾ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയർഫോണും കവറും, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഇംഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാഗിൽ നിന്ന് ലഭിച്ചത്.