കോഴിക്കോട് ∙ വേങ്ങേരി ബൈപാസ് ജംക്ഷനു സമീപം സ്കൂട്ടറിൽ, പിന്നിൽനിന്നു വന്ന സ്വകാര്യ ബസിടിച്ചു സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു ദാരുണാന്ത്യം. കക്കോടി കിഴക്കുംമുറി കരമംഗലത്താഴം നെച്ചൂളിപ്പൊയിൽ ഷൈജു (ഗോപി–43), ഭാര്യ ജീമ (36) എന്നിവരാണ് മരിച്ചത്. ചേവായൂർ ഓഫിസ് ജീവനക്കാരനാണ് ഷൈജു. മറ്റൊരു ബൈക്ക് യാത്രക്കാരനായ പാലത്ത് ഊട്ടുകുളംവയൽ വീട്ടിൽ വിനുവിനു (36) ഗുരുതരമായ പരുക്കുകളോടെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു സ്വകാര്യ ബസ്സുകൾക്കിടയിലൂടെയാണ് സ്കൂട്ടർ സഞ്ചരിച്ചത്. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും തൽക്ഷണം മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനാണ് മരിച്ച ഷൈജു. ബസുകൾക്കിടെയുണ്ടായിരുന്ന മറ്റൊരു ബൈക്കിലെ യാത്രക്കാരനും അപകടത്തിൽ പരുക്കുണ്ട്. രണ്ടു ബസുകളിലുമായി യാത്ര ചെയ്ത അഞ്ചു പേർക്കും പരുക്കുണ്ട്. പിന്നിൽ വന്ന ബസിലെ ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.
രാവിലെ 8.55 നാണ് അപകടം. അപകടത്തെ തുടർന്നു ദേശീയപാതയും ബാലുശ്ശേരി റോഡും 2 മണിക്കൂർ ഗതാഗതക്കുരുക്കിലായി. രണ്ടു സ്വകാര്യ ബസ്സുകൾ മത്സരിച്ചു നഗരത്തിലേയ്ക്കു യാത്ര പോകുന്നതിനിടിയിലാണ് അപകടം. വേങ്ങേരി ബൈപാസ് ജംക്ഷൻ കഴിഞ്ഞു മലാപ്പറമ്പു ഭാഗത്തേയ്ക്കു തിരിഞ്ഞു ബൈപാസ് വഴി പോകുന്നതിനിടയിൽ മുന്നിൽ സഞ്ചരിച്ച ‘സോപാനം’ ബസ് ബൈപാസ് ഡിവൈഡറിനു സമീപം വേഗം കുറച്ചു. ഇതേസമയം പിന്നിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരും ബൈക്കും വേഗം കുറയ്ക്കുന്നതിനിടയിൽ അമിത വേഗത്തിൽ വന്ന ‘തിരവോണം’ ബസ് സ്കൂട്ടറും ബൈക്കും ചേർത്ത് മുന്നിലെ ബസ്സിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ ബസ് പത്തടി മുന്നോട്ടു നീങ്ങി.