മനാമ: ബഹ്റൈനിൽ സമഗ്ര ഗതാഗതനയം ആവിഷ്കരിച്ചശേഷം റോഡപകടങ്ങളും അപകടങ്ങളെത്തുടർന്ന് പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും 60% കുറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക്, ബ്രിഗേഡിയർ ശൈഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവാഹാബ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
2015ലാണ് രാജ്യത്ത് സമഗ്ര ഗതാഗതനയം ആവിഷ്കരിച്ചത്. കഴിഞ്ഞ വർഷം മുതൽ ഈ വർഷം ആഗസ്റ്റ് വരെ ഇത് 25 ശതമാനം കുറഞ്ഞു. മേഖലയിൽ ഏറ്റവും കുറവ് ട്രാഫിക് അപകടങ്ങളുള്ള രാജ്യം എന്ന നേട്ടം സ്വന്തമാക്കാനും ഇതിലൂടെ സാധിച്ചു. സൽമാൻ സിറ്റി, ഈസ്റ്റ് അൽ ഹിദ്ദ്, ഖലീഫ സിറ്റി, ഇൻവെസ്റ്റ്മെന്റ് ദ്വീപുകൾ എന്നിവയുൾപ്പെടെ നഗര വികസനത്തിന്റെ ഭാഗമായി കനത്ത ഗതാഗതവും പുതിയ നഗരങ്ങളുടെ നിർമ്മാണവും വാഹനങ്ങളുടെ എണ്ണത്തിൽ 21% വർദ്ധനവും ഉണ്ടായിരുന്നിട്ടും അത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച ട്രാഫിക് സംവിധാനം, സ്മാർട്ട്സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗതനിയന്ത്രണം, നിയമനിർവഹണം, മൊബൈൽ പട്രോളിങ്, അപകട സാധ്യത സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കൽ എന്നിവ അപകടങ്ങൾ കുറക്കാൻ സഹായിച്ചതായി ഡയറക്ടർ ജനറൽ പറഞ്ഞു. മുഖ്യ നിരത്തുകളിൽ ലൈനുകൾ വർധിപ്പിക്കുകയും റൗണ്ട് എബൗട്ടുകൾക്ക് പകരം സിഗ്നലുകളും മേൽപാലങ്ങളും നിർമിച്ചതും ഗതാഗത സൗകര്യം വർധിപ്പിച്ചു.
റോഡപകടങ്ങൾ കുറക്കുന്നതിൽ റോഡ് ഉപയോക്താക്കളുടെ അവബോധം പ്രധാനമാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കാനും അപകടകരമായ ഡ്രൈവിങ്ങും വാഹനമോടിക്കുേമ്പാൾ ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണം. വേഗപരിധി, ജാഗ്രതയോടെയുള്ള ഡ്രൈവിങ് എന്നിവ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.