മനാമ: ട്രാഫിക് വിഭാഗത്തിന്റെ അംഗീകാരത്തോടെ സിത്രയിൽ യൂസിഫ് അൽ മൊഅയ്യിദ് സാങ്കേതിക ക്ഷമത കേന്ദ്രം ആരംഭിച്ചു. ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സാങ്കേതിക ക്ഷമത കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വാഹനങ്ങളുടെ വർഷാന്ത സാങ്കേതിക ക്ഷമത പരിശോധനക്കുള്ള ഈ കേന്ദ്രത്തിന് പ്രതിദിനം 200 വാഹനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും. ബഹ്റൈനിലെ എട്ടാമത്തെ കേന്ദ്രമാണിത്.
ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദേശത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വാഹനങ്ങളുടെ വർഷാന്ത സാങ്കേതിക ക്ഷമത പരിശോധന വിപുലമാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലായി ഏഴ് കേന്ദ്രങ്ങൾ ഇതിനോടകം ആരംഭിച്ചതായി ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിൽ തുടങ്ങുന്നതിനുള്ള നീക്കമുണ്ട്. നിലവിൽ ഈസ ടൗണിലെ ട്രാഫിക് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. ശനി മുതൽ വ്യാഴം വരെ ആഴ്ചയിൽ ആറുദിവസവും ഇവിടെ പ്രവർത്തനമുണ്ടാകും. ആവശ്യമായ നിബന്ധനകൾ പൂർത്തീകരിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്ത ശേഷമാണ് സാങ്കേതിക സൗകര്യങ്ങളോടെ കേന്ദ്രം തുറക്കാൻ അനുമതി നൽകുന്നത്.